Jun 19, 2009

മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.


റവി എന്നത് ഓര്‍ക്കാനിഷ്ടപെടാത്ത കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച ഒരു വാക്കാണ്‌.സത്യത്തില്‍ അങ്ങനെയൊന്നില്ല .ആരും ഒന്നും മറക്കുന്നില്ല.ചിലപ്പോള്‍ ചില കാര്യങ്ങള്‍ മനപ്പൂര്‍വം ഓര്‍മിക്കാതിരിക്കാന്‍ ശ്രമിക്കും. അത് മറവിയല്ല .ഞാനും അങ്ങനെ പലതും മറന്നെന്നു നടിച്ചു നടന്നിട്ടുണ്ട്,പലപ്പോഴും.പക്ഷെ അങ്ങനെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന പലതും സ്വപ്നങ്ങളായി പല രാത്രികളിലും,ചിലപ്പോള്‍ പകല്‍ പോലും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
കണ്ട സ്വപ്നങ്ങളെ ചികഞ്ഞെടുത്തു പരിശോധിക്കുക എന്നത് എന്‍റെയൊരുശീലമായിരുന്നു.പലപ്പോഴും കഴിഞ്ഞ കാലമോ എവിടെയെങ്കിലും വച്ചു കണ്ടു മനസ്സില്‍ പതിഞ്ഞ മുഖങ്ങളോ ,സിനിമയിലെയോ വായിച്ച നോവലുകളിലെയോ കഥാപാത്രങ്ങളോ ഒക്കെയാവും സ്വപ്നങ്ങളിലേയും അഭിനേതാക്കള്‍.
ചിലപ്പോള്‍ മാത്രം സ്വപ്നവും യാധാര്‍ത്യങ്ങളും കൂടിക്കുഴഞ്ഞു തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ
അത് വളരെ അപൂര്‍വ്വം മാത്രം സംഭവിക്കുന്നതാണ്. ഇന്നലെ ഞാന്‍ അങ്ങനെയൊരു സ്വപ്നം കണ്ടു.
പതിവു പോലെ വൈകിയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.പുറത്തു നല്ല മഴപെയ്യുന്നുണ്ടായിരുന്നു,കൂടെ ഇടിമിന്നലും .മഴയുടെയും കാറ്റിന്‍റെയും ഇട കലര്‍ന്ന
ശബ്ദം ഒരു സംഗീതമായി
എനിക്ക് തോന്നി.എത്ര നേരം അതും ആസ്വദിച്ചു കിടന്നു എന്നറിയില്ല ,ഇതിനിടയിലെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് ആഴ്ന്നുപോയിരുന്നു.

രാത്രി
...ഞാനൊരു ബസില്‍ യാത്ര ചെയ്യുകയാണ്.ചെറിയ ചാറല്‍മഴയുണ്ട്.റോഡിനിരുവശവും മരങ്ങളാണ്.ഇടയ്ക്കിടയ്ക്ക് ക്യാമറയുടെ ഫ്ലാഷ് പോലെ ഇടിമിന്നല്‍ .
അത് വിജനമായ റോഡിനെ കൂടുതല്‍ വ്യക്തമാക്കി. ഇടയ്ക്കിടെ റാന്തല്‍ തൂക്കിയ പോലെ മഞ്ഞ നിറത്തില്‍ കത്തുന്ന വഴി വിളക്കുകളിലേക്ക് ഈയാംപാറ്റകള്‍ പറന്നടുക്കുന്നു.ചിലത് ചിറകു തളര്‍ന്നു വീഴുന്നു.ഞാന്‍ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
ആദ്യമായാണ്‌ വഴിക്ക് വരുന്നത്. ഇനി എത്ര നേരം യാത്രചെയ്യണമായിരിക്കും...? അറിയില്ല .ഞാന്‍ വാച്ചിലേക്ക് നോക്കി ,ഇരുട്ടാണ്‌ ഒന്നും കാണുന്നില്ല.ഞാന്‍ അടുത്ത മിന്നലിനായി കാത്തിരുന്നു സമയം നോക്കാന്‍ .
പെട്ടെന്നൊരു മിന്നലുണ്ടായി ഒപ്പം ഗംഭീര ശബ്ദവും.ഞാന്‍ പെട്ടെന്ന് പുറത്തേയ്ക്കുള്ള നോട്ടം പിന്‍വലിച്ചു .ഇടിയുടെ ശബ്ദത്തില്‍ ഞാന്‍ ചെറുതായൊന്നു ഞെട്ടിപ്പോയി എന്നതാണ് സത്യം. അപ്പോഴാണ് എന്റെ അടുത്തിരിക്കുന്നയാളെ ശ്രദ്ധിച്ചത്.അതൊരു പെണ്‍കുട്ടിയാണ്.അവള്‍ ഉറങ്ങുകയാണ്.അല്ല അവള്‍ കണ്ണടച്ചിരുന്നു കരയുകയാണ്. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ട്.മിന്നലിന്റെ വെട്ടത്തില്‍ ഒരിക്കലെ ഞാനാ മുഖം കണ്ടുള്ളൂ .ഇടയ്ക്കവള്‍ ഒന്നു നെടുവീര്‍പ്പിട്ടു.പുറത്തെ മഴയോ ഇടിമിന്നലോ അടുത്തിരിക്കുന്നവരെയോ ഒന്നും അവള്‍ ശ്രദ്ധിക്കുന്നതെയില്ല. പക്ഷേ അപ്പോള്‍ മുതല്‍ ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു .പിന്നെയോരോ മിന്നലിലും ഞാന്‍ അവളെ കണ്ടു. ഞാന്‍ ഇതു വരെ എവിടെയും കാണാത്ത എന്തോ ഒരു പ്രത്യേകത അവളുടെ മുഖത്ത്‌ ഉണ്ടെന്നെനിക്ക് തോന്നി. അലസമായി മുഖത്തേക്കു വീണു കിടക്കുന്ന മുടി,പാതിയടഞ്ഞ മിഴികള്‍ ,കവിളില്‍ കണ്ണീര്‍ ചാലുകള്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. വിഷാദ ഭാവം ആണെങ്കിലും ആ മുഖത്ത് എന്തോ ഒരു ചൈതന്യമില്ലേ.... ?
പെട്ടെന്ന് ബസ്സ് നിന്നു.ബസിലെ ബള്‍ബുകള്‍ പ്രകാശിച്ചു.അവള്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു തൂവാലയെടുത്ത്‌ കണ്ണ് തുടച്ചു.ഇടതു കൈ കൊണ്ടു മുടി മാടിയൊതുക്കി.ഞാന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.അതവള്‍ കണ്ടെന്നു തോന്നുന്നു.അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.കാര്‍മേഘങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടായ മഴവില്ലുപോലെയായിരുന്നു ദുഖാര്‍ത്തമായ ആ മുഖത്തുണ്ടായ പുഞ്ചിരി.
(തുടരും)

2 comments:

PAACHU.... said...

veegam complete cheyyu chettaa

podi said...

eth vegam ezhuthumo....baki vayikkathirikkan pattanilla...