Jun 10, 2012

മഴക്കാലം



 അങ്ങനെ ഒരു മഴക്കാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രണയിച്ചു.... 
പക്ഷെ ഇപ്പോള്‍ ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു... 
അന്ന് ഞാന്‍ പ്രണയിച്ചത്‌ നിന്നെയായിരുന്നോ... 
അതോ നിന്നിലൂടെ ആ മഴയെ തന്നെയോ..?

Dec 25, 2011

ഏകാന്തത



എന്‍റെ ഏകാന്തത
ചിലപ്പോള്‍ പേനത്തലപ്പിലെ 
കറുത്ത നീരുറവ,
ചിലപ്പോള്‍ കാമാനകളി-
ലാത്മരതിയുടെ വിസ്ഫോടനത്താല്‍
ഉരുകിയൊലിക്കുന്ന വെളുത്ത ലാവ,
ചിതലരിച്ച ഓര്‍മകളില്‍
ഒരു ചുവന്ന വളപ്പൊട്ടിനായുള്ള തിരച്ചില്‍ 
അല്ലെങ്കില്‍ പുസ്തകം തീനിപ്പുഴുവിന്‍റെ
കത്തുന്ന വിശപ്പ്‌ 
പടിഞ്ഞാറേ  മാവിന്‍റെ തെക്കേ കൊമ്പത്ത് 
തൂങ്ങിമരിച്ച സൂര്യന്‍ 
അതുകണ്ട് തീകൊളുത്തി ആത്മഹത്യ ചെയ്ത സിഗരെറ്റ്‌
പിന്നെ ലഹരി നുരയുന്ന കറുത്ത കറുത്ത മദ്യം...
ഇനിയിവിടെയിടമില്ല ,നിനക്കുകൂടി.
പിന്നെന്തിനു സ്വപ്നമേ
ഇന്നീ ഏകാന്തതയെ പകുത്തെടുക്കാന്‍ വന്നു..?

Mar 19, 2011

ഏതു മരണത്തെ ഞാന്‍ പുല്‍കണം ...?

കഴുത്തില്‍ മുറുകുന്ന കയര്‍...,
നെഞ്ചില്‍ ആഴ്ന്നിറങ്ങുന്ന കത്തി.,
പിന്നെ മധുരമുള്ള പ്രണയവിഷവും..
ഇതില്‍ ഏതു മരണത്തെ ഞാന്‍ പുല്‍കണം ...?

Feb 13, 2010

പ്രണയദിനം


ഇന്ന് പ്രണയ ദിനമാണ് വരൂ നമുക്ക് പ്രണയിക്കാം.....
ഈ പനിനീര്‍പ്പൂവ് സ്വീകരിക്കുക.

ഹൃദയത്തോളം ചുവപ്പിതിനില്ലെങ്കിലും,

ഇതെന്റെ പ്രണയമാണ്.
ഈ വര്‍ഷവും ജന്മദിനം ഓര്‍ക്കാതെ കടന്നു പോയി.
ജന്മദിനം പോലെയല്ല പ്രണയദിനം

അത് രണ്ടു പേരുടെതാണ്‌.

അത് കൊണ്ട് നമുക്കിന്നു തന്നെ പ്രണയിക്കണം.

കഴിഞ്ഞ വിഷുവിനു കണിയൊരുക്കി അമ്മ വിളിച്ചിട്ടും

പോകാന്‍ പറ്റിയില്ല.

വിഷു ദിനം പോലെയല്ല പ്രണയദിനം

നിന്റെ sms കണി കണ്ടാണ്‌ ഞാനിന്ന് ഉണര്‍ന്നത്.

ഇന്ന്
പ്രണയ ദിനമാണ്.
നമുക്ക് ഇന്ന് തന്നെ പ്രണയിക്കണം.
നാളെ
നീയെന്നോട്‌ പ്രണയം ചോദിക്കരുത്
പ്രണയം മുഴുവന്‍ ഞാന്‍ ഇന്ന് തന്നെ നിനക്ക് തരും.
നാളെ എന്‍റെ ചരമദിനമാണ്‌

പ്രണയദിനം പോലെയല്ല ചരമദിനം.
അത് ഒരാളുടെതാണ്,

എങ്കിലും നാളെ നീയെനിക്കൊരു പനിനീര്‍പ്പൂ തരുമോ...?

Jan 25, 2010

ഗുല്‍മോഹര്‍ ....


അന്നൊരു മാര്‍ച്ചില്‍
ഗുല്മോഹറിന്‍ ചുവന്ന തണലില്‍
എന്‍റെ മൗനവും നിന്റെ മൗനവും
പരസ്പരം പുണര്‍ന്നു കിടക്കുമ്പോള്‍
ആ മൗനം പോലും അറിയാതെ
നീ ചൊല്ലി യാത്രാമൊഴി
അപ്പോള്‍ നിന്റെ കണ്ണിലും പൂത്തിരുന്നു ഗുല്‍മോഹര്‍
അടര്‍ന്നു വീണോരഗ്നിപുഷ്പവും പോള്ളിച്ചില്ലെന്‍ കൈകളെ ...
നീറുന്നതെന്‍ മനസ്സില്‍ മാത്രം.

Jun 20, 2009

കലെടോസ്കൊപിലെ വളപ്പൊട്ടുകള്‍


പ്രണയം കലെടോസ്കൊപ്‌ പോലെയാണ്.ഒരു വളപ്പൊട്ടിനെ ഒരുപാടു വര്‍ണങ്ങളുള്ള മഴവില്ലാക്കും.പിന്നെ വര്‍ണങ്ങള്‍ സ്വപ്നങ്ങളും സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങളുമാകും.സ്വന്തമാക്കാന്‍ശ്രമിക്കുമ്പോള്‍ ഒരു ഓന്തിനെ പോലെ നിറം മാറും.
വെറുമൊരു
വളപ്പൊട്ട് മാത്രമാണെന്ന് തിരിച്ചറിയുമ്പോഴേക്കും അത് ഹൃദയത്തില്‍ ഒരുപാടു മുറിവുകള്‍ തീത്ത് കലെടെസ്കൊപിനകത്തിരുന്നു പരിഹസിച്ചു ചിരിക്കും.
നെഞ്ചില്‍
തറച്ച വളപ്പൊട്ടുകള്‍ എന്നുംവേദനിപ്പിച്ചുകൊണ്ടിരിക്കും.
കരയാന്‍
ശ്രമിക്കുമ്പോള്‍ അറിയും കണ്ണിലും വളപ്പൊട്ടുകള്‍ ആഴ്ന്നിരങ്ങിയിരിക്കുന്നുവെന്ന് .
എങ്കിലും
എനിക്കിപ്പോഴും കലെടോസ്കോപിലൂടെ വളപ്പൊട്ടുകളെ നോക്കാനിഷ്ടമാണ്.

കണ്ണീരും തൂവാലയും



കണ്ണീരും
തൂവാലയും തമ്മില്‍ പ്രണയമുണ്ടോ....?

മഴയും കുടയും തമ്മില്‍ പ്രണയമുണ്ടോ....?

വെള്ളവും തീയും തമ്മില്‍ പ്രണയമുണ്ടോ...?

എങ്കില്‍ നീയും ഞാനും തമ്മില്‍ പ്രണയമുണ്ട്.

Jun 19, 2009

മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.


റവി എന്നത് ഓര്‍ക്കാനിഷ്ടപെടാത്ത കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച ഒരു വാക്കാണ്‌.സത്യത്തില്‍ അങ്ങനെയൊന്നില്ല .ആരും ഒന്നും മറക്കുന്നില്ല.ചിലപ്പോള്‍ ചില കാര്യങ്ങള്‍ മനപ്പൂര്‍വം ഓര്‍മിക്കാതിരിക്കാന്‍ ശ്രമിക്കും. അത് മറവിയല്ല .ഞാനും അങ്ങനെ പലതും മറന്നെന്നു നടിച്ചു നടന്നിട്ടുണ്ട്,പലപ്പോഴും.പക്ഷെ അങ്ങനെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുന്ന പലതും സ്വപ്നങ്ങളായി പല രാത്രികളിലും,ചിലപ്പോള്‍ പകല്‍ പോലും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
കണ്ട സ്വപ്നങ്ങളെ ചികഞ്ഞെടുത്തു പരിശോധിക്കുക എന്നത് എന്‍റെയൊരുശീലമായിരുന്നു.പലപ്പോഴും കഴിഞ്ഞ കാലമോ എവിടെയെങ്കിലും വച്ചു കണ്ടു മനസ്സില്‍ പതിഞ്ഞ മുഖങ്ങളോ ,സിനിമയിലെയോ വായിച്ച നോവലുകളിലെയോ കഥാപാത്രങ്ങളോ ഒക്കെയാവും സ്വപ്നങ്ങളിലേയും അഭിനേതാക്കള്‍.
ചിലപ്പോള്‍ മാത്രം സ്വപ്നവും യാധാര്‍ത്യങ്ങളും കൂടിക്കുഴഞ്ഞു തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ
അത് വളരെ അപൂര്‍വ്വം മാത്രം സംഭവിക്കുന്നതാണ്. ഇന്നലെ ഞാന്‍ അങ്ങനെയൊരു സ്വപ്നം കണ്ടു.
പതിവു പോലെ വൈകിയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.പുറത്തു നല്ല മഴപെയ്യുന്നുണ്ടായിരുന്നു,കൂടെ ഇടിമിന്നലും .മഴയുടെയും കാറ്റിന്‍റെയും ഇട കലര്‍ന്ന
ശബ്ദം ഒരു സംഗീതമായി
എനിക്ക് തോന്നി.എത്ര നേരം അതും ആസ്വദിച്ചു കിടന്നു എന്നറിയില്ല ,ഇതിനിടയിലെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് ആഴ്ന്നുപോയിരുന്നു.

രാത്രി
...ഞാനൊരു ബസില്‍ യാത്ര ചെയ്യുകയാണ്.ചെറിയ ചാറല്‍മഴയുണ്ട്.റോഡിനിരുവശവും മരങ്ങളാണ്.ഇടയ്ക്കിടയ്ക്ക് ക്യാമറയുടെ ഫ്ലാഷ് പോലെ ഇടിമിന്നല്‍ .
അത് വിജനമായ റോഡിനെ കൂടുതല്‍ വ്യക്തമാക്കി. ഇടയ്ക്കിടെ റാന്തല്‍ തൂക്കിയ പോലെ മഞ്ഞ നിറത്തില്‍ കത്തുന്ന വഴി വിളക്കുകളിലേക്ക് ഈയാംപാറ്റകള്‍ പറന്നടുക്കുന്നു.ചിലത് ചിറകു തളര്‍ന്നു വീഴുന്നു.ഞാന്‍ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
ആദ്യമായാണ്‌ വഴിക്ക് വരുന്നത്. ഇനി എത്ര നേരം യാത്രചെയ്യണമായിരിക്കും...? അറിയില്ല .ഞാന്‍ വാച്ചിലേക്ക് നോക്കി ,ഇരുട്ടാണ്‌ ഒന്നും കാണുന്നില്ല.ഞാന്‍ അടുത്ത മിന്നലിനായി കാത്തിരുന്നു സമയം നോക്കാന്‍ .
പെട്ടെന്നൊരു മിന്നലുണ്ടായി ഒപ്പം ഗംഭീര ശബ്ദവും.ഞാന്‍ പെട്ടെന്ന് പുറത്തേയ്ക്കുള്ള നോട്ടം പിന്‍വലിച്ചു .ഇടിയുടെ ശബ്ദത്തില്‍ ഞാന്‍ ചെറുതായൊന്നു ഞെട്ടിപ്പോയി എന്നതാണ് സത്യം. അപ്പോഴാണ് എന്റെ അടുത്തിരിക്കുന്നയാളെ ശ്രദ്ധിച്ചത്.അതൊരു പെണ്‍കുട്ടിയാണ്.അവള്‍ ഉറങ്ങുകയാണ്.അല്ല അവള്‍ കണ്ണടച്ചിരുന്നു കരയുകയാണ്. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ട്.മിന്നലിന്റെ വെട്ടത്തില്‍ ഒരിക്കലെ ഞാനാ മുഖം കണ്ടുള്ളൂ .ഇടയ്ക്കവള്‍ ഒന്നു നെടുവീര്‍പ്പിട്ടു.പുറത്തെ മഴയോ ഇടിമിന്നലോ അടുത്തിരിക്കുന്നവരെയോ ഒന്നും അവള്‍ ശ്രദ്ധിക്കുന്നതെയില്ല. പക്ഷേ അപ്പോള്‍ മുതല്‍ ഞാന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു .പിന്നെയോരോ മിന്നലിലും ഞാന്‍ അവളെ കണ്ടു. ഞാന്‍ ഇതു വരെ എവിടെയും കാണാത്ത എന്തോ ഒരു പ്രത്യേകത അവളുടെ മുഖത്ത്‌ ഉണ്ടെന്നെനിക്ക് തോന്നി. അലസമായി മുഖത്തേക്കു വീണു കിടക്കുന്ന മുടി,പാതിയടഞ്ഞ മിഴികള്‍ ,കവിളില്‍ കണ്ണീര്‍ ചാലുകള്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു. വിഷാദ ഭാവം ആണെങ്കിലും ആ മുഖത്ത് എന്തോ ഒരു ചൈതന്യമില്ലേ.... ?
പെട്ടെന്ന് ബസ്സ് നിന്നു.ബസിലെ ബള്‍ബുകള്‍ പ്രകാശിച്ചു.അവള്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു തൂവാലയെടുത്ത്‌ കണ്ണ് തുടച്ചു.ഇടതു കൈ കൊണ്ടു മുടി മാടിയൊതുക്കി.ഞാന്‍ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.അതവള്‍ കണ്ടെന്നു തോന്നുന്നു.അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.കാര്‍മേഘങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടായ മഴവില്ലുപോലെയായിരുന്നു ദുഖാര്‍ത്തമായ ആ മുഖത്തുണ്ടായ പുഞ്ചിരി.
(തുടരും)

May 11, 2009

ഒരു ഓര്‍മ


എന്നാണ് ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത്...?
ആദ്യമായി കണ്ടപ്പോഴാണോ...അതോ ആദ്യം സംസാരിച്ചപ്പോഴോ...?
അറിയില്ല ....പക്ഷെ ഒന്നറിയാം
നീയെന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു തുടങ്ങുന്നതിനു മുന്‍പേ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു, നീയറിയാതെ..
അത് നിന്നെ അറിയിക്കണമെന്നോ നീയെന്നെ പ്രനയിക്കണമെന്നോ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല എനിക്കെന്നും നിന്നെ കണ്ടാല്‍ മതിയായിരുന്നു,നിന്നോട് സംസാരിച്ചാല്‍ മതിയായിരുന്നു .നീയെന്നോട്‌ പറയുന്നഓരോ വാക്കും ഞാന്‍ കേട്ടിരുന്നത് മനസ്സ് കൊണ്ടായിരുന്നു. ദൂരെ നിന്നെങ്കിലും നിന്നെ ഒരു നോക്ക് കണ്ടില്ലെങ്കില്‍അന്നെന്റെ ഹൃദയം ഏറെ വേദനിച്ചിരുന്നു.സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ കോളേജില്‍ വന്നിരുന്നത് തന്നെ നിന്നെകാണാനായിരുന്നു.വയ്കുന്നേരം വീട്ടില്‍ പോയാല്‍ പിന്നെ രാവിലെ നിന്നെ കാണുന്നത് വരെയുള്ള നീണ്ടകാത്തിരുപ്പ് ...അപ്പോള്‍ നോട്ടു പുസ്തകത്താളില്‍ നിന്റെ പേര് ഞാന്‍ എത്ര തവണഎഴുതിയിട്ടുണ്ടെന്നോ...കണ്ണടച്ചാല്‍ സ്വപ്നങ്ങളിലും നിറയുന്നത് നീ മാത്രമായിരുന്നു.
പിന്നെ എന്തിനാണ് ഞാന്‍ അന്നെന്റെ ഹൃദയം നിനക്ക് മുന്നില്‍ തുറന്നത് ....? ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുലൈബ്രറിയുടെ ഇടനാഴിയില്‍ വച്ച് ഞാന്‍ എന്റെ പ്രണയം നിന്നോട് തുറന്നു പറഞ്ഞ നിമിഷം.
അന്ന് നീ മറുപടിയൊന്നും പറയാതെ ക്ലാസ്സിലേക്ക് ഓടിയതും ....ഞാന്‍ ക്ലാസ്സില്‍ കയറാതെ കുറെ നേരംലൈബ്രറിയില്‍ ഇരുന്നതും...
പിന്നെ ക്രിസ്മസിന് ഞാന്‍ തന്ന ആശംസാ കാര്‍ഡ്‌ നീയെനിക്ക് തിരിച്ചു തന്നു നിന്നെ നല്ലൊരു സുഹൃത്ത്തായികാണണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ദുഖിച്ചില്ല കാരണം ഒരു സുഹൃത്തയെന്കിലും നിന്നെ എനിക്ക് എന്നുംകാണാമല്ലോ എന്ന് ഞാന്‍ പ്രതീക്ഷിച്ചു.പക്ഷെ നിന്‍റെ സാമീപ്യവും കിളികൊന്ച്ചാല്‍ മൊഴിയും എന്നെന്നേക്കുമായിഎനിക്ക് നഷ്ടപ്പെടുകയാണെന്ന് ഞാന്‍ വ്യ്കിയാണ് അറിഞ്ഞത്.
നീയെന്നില്‍ നിന്നും മനപ്പൂര്‍വം അകലുകയായിരുന്നു. സാഹചര്യങ്ങള്‍ നിന്നെക്കൊണ്ടു അങ്ങനെ ചെയ്യിച്ചതാവാംഎങ്കിലും അതെനിക്ക് താങ്ങാവുന്നതിനപ്പുരമായിരുന്നു .എങ്കിലും ഞാന്‍ അതാരോടും പറഞ്ഞില്ല പുറമേപുഞ്ചിരിച്ചു...മനസ്സില്‍ .
കരഞ്ഞു
നീയെന്നില്‍ നിന്നും പൂര്‍ണമായും അകന്ന്നുപോയി എന്ന് മനസ്സിലായപ്പോള്‍ ഞാനും എല്ലാം മറക്കാന്‍ശ്രമിക്കുകയായിരുന്നു.മറവി നല്ലൊരു മരുന്നാണ് അല്ലെങ്കില്‍ ഞാനിപ്പൊഴൊരു ഭ്രാന്തനായി മാറിയേനെ. ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ സ്വപ്‌നങ്ങള്‍ ,പ്രതീക്ഷകള്‍ അതിനെല്ലാം ഞാന്‍ ഒരു തടസ്സമാകുകയാണെന്ന് എനിക്ക്തോന്നി ...അത് കൊണ്ടാണ് ഞാന്‍ നിന്നില്‍ നിന്നും അന്ന് ഒഴിഞ്ഞു മാറി
നടന്നത്.
നിനക്കൊര്‍മയുണ്ടോ അവസാനം ക്ലാസ്സ് തീര്‍ന്ന് നാം പിരിയാന്‍ നേരം ഓട്ടോ ഗ്രഫിന്റെ താളില്‍ ചുവന്ന മഷി കൊണ്ടു നീയെഴുതിയവാക്കുകള്‍ .....? പിന്നീട് ഒരു പാടു തവണ തവണ താളും നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ കിടന്നിട്ടുണ്ട്.
പരീക്ഷ തീര്‍ന്നു.ഞാന്‍ കോളേജിനോട് വിട പറഞ്ഞു ,നിന്നോടും.പിന്നീട് നിന്നെ ഞാന്‍ കണ്ടിരുന്നത്‌ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു.ഒടുവില്‍ സ്വപ്നങ്ങളും എന്നെ ഉപേക്ഷിച്ചു . ഇപ്പോള്‍ ഓര്‍മകളെക്കാള്‍ ആത്മാര്‍ത്ഥത മറവിക്കാണ്. അതെന്നെ ഉറങ്ങാന്‍ അനുവദിക്കാറുണ്ട് .
ഞാനും സ്വപ്നങളില്ലാത്ത എന്‍റെ ജീവിതവും പിന്നെയും ഒരുപാടു ദൂരം സഞ്ചരിച്ചു. ഇതിനിടയിലെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു നീ വിവാഹിതയായെന്നും സുഖമായി ജീവിക്കുന്നുവെന്നും. ഞാന്‍ സന്തോഷിച്ചു .കാരണം നിന്‍റെ സന്തോഷം മാത്രമായിരുന്നു എന്‍റെയും സന്തോഷം.
എല്ലാം മറക്കാന്‍ ശ്രമിക്കുന്ന ഞാന്‍ പിന്നെ ഇപ്പോള്‍ എന്തിന് ഇങ്ങനെയെല്ലാം എഴുതി എന്ന് ചോദിച്ചാല്‍ ...ഒരാഴ്ചക്ക് മുന്‍പ് എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈലിന്റെ സന്ദര്‍ശക ലിസ്റ്റില്‍ ഞാന്‍ നിന്‍റെ പേരും കണ്ടു .ക്ഷമിക്കുക അതെന്നെ എല്ലാം ഓര്‍മിപ്പിച്ചു .നീ സന്തോഷത്തോടെയിരിക്കുക നിന്‍റെ രാജവീഥികളില്‍ ഒരിക്കലും ഒരു യാചകനായിപ്പോലും എന്നെ നീ ഇനി കണ്ടു മുട്ടില്ല .

May 5, 2009

പ്രണയമേ


പ്രണയമേ നിന്നെ ഞാനെന്തു വിളിക്കണം
കണ്ണുകളറിയാതെ കരയുന്നു നീ പിന്നെ
ചുണ്ടുകളറിയാതെ പുഞ്ചിരിക്കുന്നു
സത്യങ്ങളൊക്കെച്ചിതയിലോടുക്കി -
യോരായിരം സത്യങ്ങള്‍ നിര്‍മ്മിചെടുക്കുന്നു
നിന്റേതു മാത്രം ഞാന്‍ എന്ന് ചൊല്ലുന്നു
പിന്നിരുപതു പേരോടുമത് തന്നെ പറയുന്നു
ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നോര്‍ക്കുന്നു
തല്‍ക്ഷണം അങ്ങോട്ട്‌ പായുന്നു
നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാട് തന്നു നീ
പറയാതെയറിയാതെ ഒരു നാള്‍ മടങ്ങുന്നു
തകരുന്ന ബന്ധങ്ങള്‍ മുള്ളായ്‌ തറയ്ക്കുന്ന
നോവുന്ന ഹൃദയങ്ങള്‍ കാണാതെ പോകുന്നു
ഇരു മുഴം കയറില്‍, ഒരു വിഷക്കുപ്പിയില്‍
പൊലിയുന്ന ജന്മങ്ങള്‍ അമൃതായ് നുകരുന്ന-
പ്രണയമേ നിന്നെ ഞാന്‍ എന്ത് വിളിക്കണം
പ്രണയമെന്നല്ലാതെയെന്തു വിളിക്കാന്‍

Feb 28, 2009

ഒന്നും അറിയാത്തവന്‍


എന്നെക്കുറിച്ച് എനിക്കു ഒന്നും അറിയില്ല....,
ഈ ജീവിതത്തെക്കുറിച്ചും ഒന്നും അറിയില്ല
ഞാന്‍ നിനക്ക് ആരായിരുന്നെന്നോ നീയെനിക്ക് ആരാണെന്നോ എനിക്കറിയില്ല ....

ഇപ്പോള്‍ നീ എവിടെയാണെന്ന് പോലും എനിക്കറിയില്ല.

ഇന്നും ഞാന്‍ ഒന്നും അറിയാത്തവന്‍

നിന്നെ ചിരിപ്പിച്ചവന്‍ എന്നാല്‍ ചിരിക്കാന്‍ അറിയാത്തവന്‍ ,
കരയുന്നവന്‍ എന്നാല്‍ നിന്നെ കരയിക്കാന്‍ അറിയാത്തവന്‍

നിന്നെ
പ്രണയിചവന്‍ എന്നാല്‍ പ്രണയം പിടിച്ചു വാങ്ങാന്‍ അറിയാത്തവന്‍
മനസ്സില്‍ സ്നേഹമുള്ളവന്‍ എന്നാല്‍ സ്നേഹം പ്രകടനമാക്കാന്‍ അറിയാത്തവന്‍

ഇന്നും ഞാന്‍ ഒന്നും അറിയാത്തവന്‍

Feb 22, 2009

ഗുല്‍മോഹര്‍



ന്ന് ചുവന്ന നിറത്തിലുള്ള ഒരു പൂവിതള്‍ കാണിച്ചു അവള്‍ എന്നോട് ചോദിച്ചു ," പൂവിന്റെ പേരെന്താ ?" ഞാന്‍ പറഞ്ഞു "ഗുല്‍മോഹര്‍".
നിനക്കിതെവിടെ നിന്നു കിട്ടി ഡിസംബറില്‍ ....?
"എന്താ ഗുല്‍മോഹര്‍ ഡിസംബറില്‍ പൂവിട്ടുകൂടെന്നുണ്ടോ?" എന്ന മറുചോദ്യമായിരുന്നു അവളുടെ മറുപടി.
ഇല്ല എങ്കില്‍ അത് ഗുല്‍മോഹര്‍ ആവില്ല, കാരണം ഗുല്‍മോഹര്‍ മാര്‍ച്ചിലാണ് പൂക്കുന്നത് എന്ന് പറഞ്ഞു ഞാന്‍ സ്വയം ആശ്വസിക്കുകയായിരുന്നു.
വഴിയരികിലെ ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തു തുടങ്ങുമ്പോഴേ മനസ്സു പിടയും ...കാരണം അതിന് വിരഹത്തിന്റെ മുഖചായയുണ്ട് .





..........എഴുതികൊണ്ടിരിക്കുന്നു ഉടന്‍ പ്രതീക്ഷിക്കുക.........